ഭൗമദിന ആഘോഷം

2026-ലെ ലോക ഭൗമദിനാഘോഷങ്ങളുടെ ഭാഗമായി കേരള വനഗവേഷണ കേന്ദ്രത്തില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഡോ. കണ്ണൻ സി.എസ്. വാര്യർ നിർവ്വഹിച്ചു.
"നമ്മുടെ കരുത്ത്, നമ്മുടെ ഗ്രഹം" (Our Power, Our Planet) എന്ന ഈ വർഷത്തെ ഭൗമദിന പ്രമേയത്തെക്കുറിച്ച് അദ്ദേഹം ആമുഖപ്രഭാഷണം നടത്തി. ഭൂമിയുടെ നിലനിൽപ്പിനായി ഓരോ വ്യക്തിയും നൽകുന്ന സംഭാവനകൾ നിർണ്ണായകമാണെന്നും, ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങളിലൂടെ വലിയ പാരിസ്ഥിതിക ആഘാതങ്ങൾ തടയാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് ഭൗമദിന പോസ്റ്ററും, 'എർത്ത് ഡേ ഗൈഡ്: നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാനുള്ള ദൈനംദിന വഴികാട്ടി' എന്ന പേരിൽ തയ്യാറാക്കിയ കർമ്മപദ്ധതിയും പുറത്തിറക്കി. പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രായോഗികമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഈ ഗൈഡിനെക്കുറിച്ച് വൈൽഡ് ലൈഫ് ബയോളജി വിഭാഗം മേധാവി ഡോ. പി. ബാലകൃഷ്ണൻ വിശദീകരിച്ചു. ഗതാഗതം, ഭക്ഷണം, ജൈവവൈവിധ്യം, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തികൾക്ക് സ്വീകരിക്കാവുന്ന ലളിതമായ നടപടികൾ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൗമദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി ഓൺലൈൻ അവബോധ ക്വിസ് പ്രോഗ്രാമും കെ.എഫ്.ആർ.ഐ സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രസക്തി വരുംതലമുറകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വൈവിധ്യമാർന്ന പരിപാടികൾ ഭൗമദിനത്തില്‍ സംഘടിപ്പിച്ചതെന്ന് ഡയറക്ടര്‍ ഡോ. കണ്ണൻ സി.എസ്. വാര്യർ അറിയിച്ചു.
Published on: Wednesday, April 22, 2026