കേരള വനഗവേഷണ സ്ഥാപനത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം

കേരള വനഗവേഷണ സ്ഥാപനത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് കേരള വനഗവേഷണ സ്ഥാപനത്തിൽ (KFRI) വിപുലമായ പരിപാടികളും ആവേശകരമായ ജൈവവൈവിധ്യ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കെ.എഫ്.ആർ.ഐ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 'പ്രാദേശികമായ ഇടപെടലുകളിലൂടെ ആഗോളതലത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുക' എന്ന ഈ വർഷത്തെ അന്താരാഷ്ട്ര ജൈവവൈവിധ്യ സന്ദേശത്തെ മുൻനിർത്തി മുഖ്യപ്രഭാഷണം നടത്തവേ, കേരളത്തിലെ പരമ്പരാഗത കാവുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് വനഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാര്യർ ഓർമ്മിപ്പിച്ചു.
അപൂർവ്വയിനം ഔഷധസസ്യങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെയും ജീൻ ബാങ്കുകളാണ് ഓരോ കാവുകളും. പ്രാദേശിക ജലസ്രോതസ്സുകളെയും പരിസ്ഥിതിയെയും നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഇത്തരം ജൈവവൈവിധ്യ കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ടതാണെന്നും, പ്രാദേശികമായ കൂട്ടായ്മകളിലൂടെ മാത്രമേ ആഗോളതലത്തിൽ വലിയ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിനാചരണത്തിന്റെ ഭാഗമായി കെ.എഫ്.ആർ.ഐ കമ്മ്യൂണിറ്റിക്കായി സംഘടിപ്പിച്ച പ്രത്യേക ജൈവവൈവിധ്യ ക്വിസ് പരിപാടി ശ്രദ്ധേയമായി. ചീഫ് സയന്റിസ്റ്റ് ഡോ. ടി. വി. സജീവ് ക്വിസ് മാസ്റ്ററായി പങ്കെടുത്ത മത്സരത്തിൽ വന്യജീവികൾ, സസ്യങ്ങൾ, പക്ഷിശബ്ദങ്ങൾ, സൂക്ഷ്മജീവികൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ, പരിണാമ ചരിത്രം, ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത അറിവുകൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വനഗവേഷണ സ്ഥാപനത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നായി 16 ടീമുകളിലായി 32 പേർ പങ്കെടുത്ത ആവേശകരമായ മത്സരത്തിനൊടുവിൽ മൂന്ന് ടീമുകൾ ക്യാഷ് പ്രൈസിനർഹരായി.
ഡോ. ജിത്തു യു. കൃഷ്ണൻ പരിപാടിയുടെ മോഡറേറ്ററായിരുന്നു. കെ.എഫ്.ആർ.ഐ രജിസ്ട്രാർ കേണൽ ജോൺസൺ തോമസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. സയന്റിസ്റ്റ് ഡോ. സൂര്യ എസ്. നന്ദി പ്രകാശിപ്പിച്ചു. ശാസ്ത്രബോധവും പരിസ്ഥിതി ബോധവും ഒത്തുചേർന്ന ജൈവവൈവിധ്യ ദിനാചരണം പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി മാറി.


Published on: Thursday, May 21, 2026