വനമഹോത്സവം 2026: കെ.എഫ്.ആർ.ഐ.യിൽ ഹരിതസമൃദ്ധിക്കായി വൃക്ഷത്തൈ നടീലും സെമിനാറും സംഘടിപ്പിച്ചു🌿🌳

വനമഹോത്സവം 2026: കെ.എഫ്.ആർ.ഐ.യിൽ ഹരിതസമൃദ്ധിക്കായി വൃക്ഷത്തൈ നടീലും സെമിനാറും സംഘടിപ്പിച്ചു🌿🌳

ദേശീയ വനമഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി കെ.എസ്.സി.എസ്.ടി.ഇ - കേരള വനഗവേഷണ സ്ഥാപനത്തിൽ (KFRI) വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കെ.എഫ്.ആർ.ഐ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് (NMPB-RCFC) ദക്ഷിണ മേഖലയുടെ സഹകരണത്തോടെ കെ.എഫ്.ആർ.ഐ സെമിനാർ കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
സെമിനാർ കമ്മിറ്റി കൺവീനർ ഡോ. സൂര്യ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ ഫോക്കൽ തീം പ്രഭാഷണം നടത്തി. വനവൽക്കരണത്തിന്റെയും ആവാസവ്യവസ്ഥാ സംരക്ഷണത്തിന്റെയും അടിയന്തിര പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
കേരള വനം വന്യജീവി വകുപ്പ് സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡോ. ആർ. അദലരശൻ ഐ.എഫ്.എസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും വനമഹോത്സവ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് "ആധുനിക യുഗത്തിലെ വനവൽക്കരണവും ജൈവവൈവിധ്യ സംരക്ഷണവും" എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല ഫോറസ്ട്രി കോളേജ് ഫോറസ്റ്റ് ബയോളജി & ട്രീ ഇംപ്രൂവ്‌മെന്റ് വിഭാഗം മേധാവി ഡോ. എ.വി. സന്തോഷ്‌കുമാർ പ്രത്യേക പ്രഭാഷണം നടത്തി.
വനമഹോത്സവത്തോടനുബന്ധിച്ച് കെ.എഫ്.ആർ.ഐ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി "KFRI: The Living Campus - Decoding our Hidden Biodiversity" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു. കെ.എഫ്.ആർ.ഐ രജിസ്ട്രാർ കേണൽ ജോൺസൺ തോമസ് വനമഹോത്സവ ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെമിനാർ കമ്മിറ്റി ചെയർപേഴ്സൺ ഡോ. പി. ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
സമ്മേളനത്തിന് ശേഷം ക്ഷണിക്കപ്പെട്ട അതിഥികളും ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും ജീവനക്കാരും ഒന്നിച്ച് കാമ്പസ് പരിസരത്ത് വിവിധയിനം വൃക്ഷത്തൈകൾ നട്ടുകൊണ്ട് വനമഹോത്സവ മരംനടീൽ യജ്ഞത്തിന് തുടക്കം കുറിച്ചു.


Published on: Monday, July 6, 2026