കാവുകൾ ഭാവി തലമുറയ്ക്കായുള്ള പാരിസ്ഥിതിക ആവശ്യം - ഡോ. കണ്ണൻ സി. എസ്. വാര്യർ

കാവുകളുടെ സംരക്ഷണം കേവലം ഒരു വിശ്വാസത്തിൻ്റെ ഭാഗമായി മാത്രമല്ല, ഭാവി തലമുറയ്ക്കായുള്ള പാരിസ്ഥിതിക ആവശ്യമായി കാണണം എന്ന് കേരള വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാര്യർ. ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ വെബിനാറിൽ, 'കാവുകളുടെ പ്രാധാന്യം ജൈവസന്തുലനം' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ ദൈവമായി കണ്ട് ആരാധിക്കുന്ന ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗമാണ് കാവുകൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സുദൃഢമായ ബന്ധത്തിൻ്റെ തെളിവും കൂടിയാണിവ. എന്നാൽ ജൈവവൈവിധ്യത്തിന്റെ കലവറകളായ നമ്മുടെ കാവുകൾ അതിവേഗമാണ് നാശോന്മുഖമായി കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഒന്നര ലക്ഷത്തിൽ പരം വിശുദ്ധ വനങ്ങൾ നിലനിന്നിരുന്ന നമ്മുടെ രാജ്യത്ത് ഇപ്പോൾ അവശേഷിക്കുന്നത് കേവലം പതിനാലായിരത്തിൽ താഴെ മാത്രമാണ്.
വംശനാശ ഭീഷണി നേരിടുന്ന ഒട്ടനവധി സസ്യങ്ങൾക്കും ഔഷധച്ചെടികൾക്കും പശ്ചിമഘട്ടത്തിലെ അപൂർവ്വങ്ങൾക്കും നമ്മുടെ കാവുകൾ അഭയ കേന്ദ്രമാകുന്നു. കൂടാതെ പക്ഷികൾ ചിത്രശലഭങ്ങൾ ഉരഗങ്ങൾ എന്നിവയുടെ സുരക്ഷിതമായ ആവാസ വ്യവസ്ഥയും കൂടിയാണിവ. സ്വാഭാവിക വനങ്ങളില്ലാത്ത ആലപ്പുഴ ജില്ലയിൽ മാത്രം സസ്യജാലമുള്ള 1128 കാവുകൾ നിലനിൽക്കുന്നുണ്ടെന്നും, ഇവയിലെ അസാധാരണ ജൈവവൈവിധ്യം സൈലൻറ് വാലിയോള മൊപ്പമാണെന്നും തൻറെ പഠനങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി. നഗരവൽക്കരണത്തിനിടയിലെ പച്ചത്തുരുത്തുകളായി പ്രവർത്തിക്കുന്ന നമ്മുടെ കാവുകൾ സമീപപ്രദേശങ്ങളിലെ കിണറുകളിലും ജലാശയങ്ങളിലും ഭൂഗർഭ ജലനിരപ്പ് നിലനിർത്തുവാൻ ഏറെ സഹായിക്കുന്നുണ്ട്.
കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണു കുടുംബങ്ങളായതും, നഗരവൽക്കരണവും, ആവാഹനവും, ഭൂമി കയ്യേറ്റവുമാണ് ഇന്ന് കാവുകൾ നേരിടുന്ന പ്രധാന ഭീഷണിയെന്നും ഡോ. കണ്ണൻ വാര്യർ അഭിപ്രായപ്പെട്ടു. കൂടാതെ അധിനിവേശ സസ്യങ്ങളുടെ അതിപ്രസരവും കാവുകളുടെ സ്വാഭാവിക പുനരുജ്ജീവനത്തെയും തടസ്സപ്പെടുകയും അവയുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി കാവ് സംരക്ഷണ, ബോധവൽക്കരണ സംരംഭങ്ങളിൽ ഡോ. കണ്ണൻ വാര്യർ പ്രവർത്തിച്ചു വരുന്നു. ആലപ്പുഴയിലെ കാവുകളെ കുറിച്ചുള്ള സമഗ്രപഠനത്തിന് ജൈവ വൈവിദ്ധ്യമേഖലയിൽ ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള റോള എസ് റാവു ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഒരു പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണ രംഗത്ത് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി മത്സ്യകൃഷിയുടെ പേരിൽ ആയിരം തെങ്ങിൽ നടത്തിയ വ്യാപക കണ്ടൽ നശീകരണം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും, പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധയിൽപ്പെടുത്തി തടസ്സപത്രം പുറപ്പെടുവിക്കുന്നതിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു.
സൊസൈറ്റിയുടെ പ്രസിഡൻറ് ബി. രവീന്ദ്രൻ, സെക്രട്ടറി സെക്രട്ടറി പ്രൊഫ (ഡോ.) എസ്. ഷീല, ജി. രമേശൻ, ഡോ. ആർ അഭിലാഷ്, ജെ. ജോസഫ്, ഡോ. ഇ.ആർ. അശോകൻ, ശ്യാമള കുമാരി എന്നിവർ നേതൃത്വം നൽകി.
Published on: Saturday, October 31, 2026