മുള കൃഷിയിലും പരിപാലനത്തിലും അഞ്ചുദിന പരിശീലന പരിപാടി പീച്ചി കെ.എഫ്.ആർ.ഐയിൽ ആരംഭിച്ചു.

കേരള വന ഗവേഷണ സ്ഥാപനത്തിൽ (KSCSTE-KFRI) മുളയുടെ പ്രജനനം, തോട്ടം പരിപാലനം, സംസ്‌കരണം (Bamboo Propagation, Plantation Management, Processing and Treatment) എന്നീ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ പരിശീലന പരിപാടിക്ക് ഇന്ന് തുടക്കമായി.
രാവിലെ പീച്ചി കാമ്പസിൽ നടന്ന ചടങ്ങിൽ കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സെഷനുകളിൽ മുളയുടെ ലോകത്തെക്കുറിച്ചും അവയുടെ വൈവിധ്യത്തെക്കുറിച്ചും ഡോ. വി.ബി. ശ്രീകുമാർ (Principal Scientist & Head, Forest Botany Division) ക്ലാസ്സുകൾ നയിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ മുളകളെ ബാധിക്കുന്ന പ്രധാന കീടങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ഡോ. ജിത്തു യു. കൃഷ്ണൻ (Scientist, Forest Entomology) ട്രെയിനികൾക്ക് വിശദമായ അറിവ് നൽകി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ, സംരംഭകർ എന്നിവർ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മുളയുടെ ടിഷ്യു കൾച്ചർ രീതികൾ, നഴ്സറി പരിപാലനം, പാലപ്പിള്ളി ഫീൽഡ് റിസർച്ച് സെന്ററിലെ ബാംബൂസെറ്റം സന്ദർശനം എന്നിവ ഈ കോഴ്സിന്റെ ഭാഗമായി നടക്കും.
എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അസോസിയേറ്റ് അരുൺ വി.ആർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
Published on: Monday, February 9, 2026