Notice Board » News
മലയാള കവിതയിലെ പ്രകൃതി - കവിതാസായാഹ്നം

കേരള വന ഗവേഷണ കേന്ദ്രത്തിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രശസ്ത കവിയും പരിസ്ഥിതി സ്നേഹിയുമായ ശ്രീ രാജീവ് കാറൽമണ്ണ, മലയാള കവിതയിലെ പ്രകൃതി എന്ന വിഷയത്തിൽ, പ്രകൃതിയുമായുള്ള മനുഷ്യന്റെ ആത്മബന്ധം അതിമനോഹരമായി അവതരിപ്പിച്ചു. വികാരങ്ങളും പ്രതിബിംബങ്ങളും കൊണ്ട് സമ്പന്നമായ അദ്ദേഹത്തിന്റെ അവതരണത്തിൽ വൈലോപ്പിള്ളി ശ്രീധര മേനോന്റെ 'മാമ്പഴം', റഫീഖ് അഹമ്മദിന്റെ 'തോരാമഴ' തുടങ്ങിയ പ്രശസ്ത മലയാള കവിതകൾ കവിതയുടേയും പ്രകൃതിയുടേയും വിവിധ ഭാവതലങ്ങളിൽ അദ്ദേഹം ചൊല്ലുമ്പോൾ കേൾവിക്കാർക്ക് മനസ്സിൽ തോരാതെ പെയ്തൊരു മഴയായ് മാറി.
കെഎഫ്ആർഐ കാമ്പസിന്റെ പച്ചപ്പ് നിറഞ്ഞ പശ്ചാത്തലത്തിൽ, ഒരു സൗമ്യമായ മഴക്കാലം പോലെയാണ് പരിപാടി വികസിച്ചത് - മഴ പോലെ പെയ്യുന്ന വാക്കുകൾ, ഉണർത്തുന്ന ഓർമ്മകൾ, പ്രതിഫലനങ്ങൾ, പ്രകൃതിയോടുള്ള ആദരവ് എന്നിങ്ങനെ കവിത ചിന്തകളുടെയും വികാരങ്ങളുടെയും ഒരു പ്രവാഹമായി രൂപാന്തരപ്പെട്ടു. ഈ സായാഹ്നം ഒരു സാഹിത്യ പരിപാടി എന്നതിലുപരിയായി പ്രകൃതിയോടുള്ള ആദരവും, കെ എഫ് ആര് ഐയുടെ 50 വർഷത്തെ ഗവേഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിനായുള്ള സംഭാവനകളുടെയും കലാപരമായ ആഘോഷവും, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലും കൂടിയായിരുന്നു.
ഡോ. എ. വി. രഘു സ്വാഗതം ആശംസിച്ച ഈ പരിപാടിയില്‍ കെ. എഫ്. ആർ. ഐ. ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാര്യർ ശ്രീ രാജീവ് കാറല്മണ്ണയ്ക്ക് ഗോൾഡൻ ജൂബിലി മെമെന്റോ നൽകി ആദരിച്ചു.
Published on: June 13, 2025
|
|
|
|
News & Events